കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ മൊബൈൽ ഷോപ്പിലെത്തിയ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം കവരുകയും ചെയ്ത സംഭവത്തിൽ സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ള രണ്ടുപേർ പിടിയിൽ. ചെന്ത്രാപ്പിന്നി കണ്ണനാംകുളം എറാക്കൽ വീട്ടിൽ സൂരജ് (അനു - 40), ഒല്ലൂർ പൊന്നൂക്കര പുറങ്ങാപറമ്പിൽ വീട്ടിൽ വിഷ്ണു (33) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകുന്നേരം 6.45നായിരുന്നു കേസിനാസ്പദമായ സംഭവം.
ചെന്ത്രാപ്പിന്നി ജംഗ്ഷന് പടിഞ്ഞാറുവശത്തുള്ള 'ഈസി മൊബൈൽ' ഷോപ്പിൽ ഫോൺ നന്നാക്കാനെത്തിയ ചാമക്കാല സ്വദേശി യദുവിനെ (31) യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ കടയ്ക്കുള്ളിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കൈകൾ കൊണ്ടും കീ-ചെയിനിലുണ്ടായിരുന്ന ചെറിയ കത്രിക ഉപയോഗിച്ചും പ്രതികൾ യദുവിനെ പരിക്കേൽപ്പിച്ചു.
തുടർന്ന് യദുവിന്റെ സ്കൂട്ടറിന്റെ താക്കോൽ ബലമായി പിടിച്ചുവാങ്ങി ഭീഷണിപ്പെടുത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഗൂഗിൾ പേ വഴി 1000 രൂപ പ്രതികൾ തട്ടിയെടുത്തു. സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കയ്പമംഗലം സ്റ്റേഷൻ എസ്എച്ച്ഒ ടി.കെ. ബിജിത്ത്, എസ്ഐ മണികണ്ഠൻ, ഗ്രേഡ് എഎസ്ഐ മാരായ പി.വി. രാജേഷ് , പി.കെ. രാജേഷ്, ജോബി, ജോസഫ്, രമേഷ്, ഗ്രേഡ് സീനിയർ സിപി ഒമാരായ സുനിൽകുമാർ, ജ്യോതിഷ്, രജനീഷ്, സിനോജ്, സിപിഒ വിപിൻദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.